2019 October 15 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

അക്രമരാഷ്ട്രീയം പുതുമയുള്ള കാര്യമല്ല

 

? സി.പി.എമ്മാണ് ബി.ജെ.പിയുമായി കൂട്ടുകൂടിയവരെന്നാണ് ഉദാഹരണ സഹിതം ഇന്നലെ ഉമ്മന്‍ചാണ്ടി പറഞ്ഞത്. എങ്ങനെ പ്രതികരിക്കുന്നു

കോടിയേരി: ഉമ്മന്‍ചാണ്ടി ആരോപിച്ചപോലെ 1977ല്‍ ബി.ജെ.പിയുമായോ ജനസംഘമായോ ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. വി.പി സിങ് സര്‍ക്കാരില്‍ ബി.ജെ.പി ഉണ്ടായിരുന്നില്ല. ആര്‍.എസ്.എസുമായി ഒരു ഘട്ടത്തിലും ബന്ധമില്ല.

എന്നാല്‍ ഹിന്ദുത്വ വര്‍ഗീയവാദികളുമായും മുസ്‌ലിം തീവ്രവാദ സംഘടനകളുമായും കൂട്ടുകെട്ടുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ അപകടകരമായ രാഷ്ട്രീയക്കളിയാണ്. മുന്‍പും ഇത്തരത്തിലുള്ള അവിശുദ്ധ കൂട്ടുകെട്ട് കോണ്‍ഗ്രസ് നടത്തിയിരുന്നു. അത് 1991ലായിരുന്നു. അന്ന് വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും പരസ്യമായ മുന്നണി യു.ഡി.എഫും ബി.ജെ.പിയും തമ്മിലുണ്ടാക്കി. കെ. കരുണാകരനായിരുന്നു ഇതിന്റെ സൂത്രധാരന്‍. എ.കെ ആന്റണിയുടെ മൗനാനുവാദത്തോടെയായിരുന്നു ധാരണ. മാത്രമല്ല ചിലയിടങ്ങളില്‍ രഹസ്യ ധാരണയുമുണ്ടാക്കി. രണ്ടു ബി.ജെ.പി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കരാറുണ്ടാക്കിയെന്നും ഇതിനു പ്രത്യുപകാരമായി പല മണ്ഡലങ്ങളിലും ആര്‍.എസ്.എസിന്റെ വോട്ട് കോണ്‍ഗ്രസിന് മറിച്ചുകൊടുത്തെന്നും കെ.ജി മാരാരുടെ ആത്മകഥയില്‍ പറയുന്നുണ്ട്.

? അഞ്ചുമണ്ഡലങ്ങളില്‍ കോലീബി ആരോപണമുന്നയിക്കുന്നത് എന്തടിസ്ഥാനത്തിലാണ് ഇത് സി.പി.എമ്മിന്റെ ആരോപണം മാത്രമല്ലേ

കോടിയേരി: കണ്ണൂരില്‍ മത്സരിക്കുന്ന കെ. സുധാകരന് ആര്‍.എസ്.എസുമായി നല്ല ബന്ധമുണ്ട്. ബി.ജെ.പിയുടെ ഉന്നതനായ സ്ഥാനാര്‍ഥി മത്സരിച്ചാലും ഇവിടുത്തെ വോട്ട് സുധാകരനു പോകും. ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് പലതവണ ആരോപണമുയര്‍ന്ന ആളുകൂടിയാണ് സുധാകരന്‍. അദ്ദേഹത്തിന് ഈ മണ്ഡലത്തില്‍ ബി.ജെ.പിയുമായി രഹസ്യബന്ധമുണ്ടെന്നത് നേരത്തെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വത്തെ ആര്‍.എസ്.എസ് ഏറ്റെടുത്തിരിക്കുകയാണ്. വടകരയില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ആദ്യമായി സ്വാഗതം ചെയ്തത് ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയാണ്. ഒരുതവണ പോലും വടകരയില്‍ മുരളീധരന്റെ പേരുയര്‍ന്നിരുന്നില്ല. മുല്ലപ്പള്ളി മാറുമ്പോള്‍ ടി. സിദ്ദിഖായിരുന്നു വടകരയില്‍ വരേണ്ടിയിരുന്നത്. സിദ്ധിഖ് സ്ഥാനാര്‍ഥിയായാല്‍ സഹായിക്കില്ലെന്ന നിലപാട് ആര്‍.എസ്.എസ് എടുത്തപ്പോഴാണ് സിദ്ദീഖിനെ മാറ്റി മുരളീധരനെ കൊണ്ടുവന്നത്.
കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രനും ആര്‍.എസ്.എസും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ തെളിഞ്ഞതാണ്. ഒരു ബൈപ്പാസ് ഉദ്ഘാടനത്തിനും പോകാത്ത താന്‍ കൊല്ലത്തു വന്നത് പ്രേമചന്ദ്രന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വ്യക്തമാക്കിയതാണ്. വെങ്കയ്യ നായിഡു പ്രസ് ക്ലബിന്റെ പരിപാടിക്ക് വന്നപ്പോള്‍ പറഞ്ഞു, പ്രേമചന്ദ്രന്‍ വിളിച്ചതുകൊണ്ടു മാത്രമാണ് താന്‍ വന്നതെന്ന്. അങ്ങനെയുള്ള പ്രേമചന്ദ്രന്‍ ജയിക്കണമെന്ന് ആര്‍.എസ്.എസ് ആഗ്രഹിക്കില്ലേ എറണാകുളത്തും കോഴിക്കോട്ടും ഇതേരീതിയില്‍ ബി.ജെ.പിയുമായി യു.ഡി.എഫിന് നല്ല ബന്ധമുണ്ട്. അഞ്ചിടങ്ങളില്‍ യു.ഡി.എഫിനെ ബി.ജെ.പി സഹായിക്കും. ഇതിനു പ്രത്യുപകാരമായി തിരുവനന്തപുരത്ത് കുമ്മനത്തെ സഹായിക്കാനുള്ള നീക്കവും യു.ഡി.എഫ് നടത്തുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിച്ചത്തുവരും.

? വടകരയില്‍ കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ വടകര മാത്രമല്ല യു.ഡി.എഫ് ലക്ഷ്യമിടുന്നത്. മുരളീധരന്റെ വ്യക്തിപ്രഭാവം സമീപ മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. എങ്ങനെ കാണുന്നു

കോടിയേരി: മുന്‍ തെരഞ്ഞെടുപ്പുകളിലൊന്നും മുരളീധരന്റെ വ്യക്തിപ്രഭാവം കണ്ടില്ലല്ലോ തൃശൂരും കോഴിക്കോട്ടും മത്സരിച്ച് തോറ്റിട്ടില്ലേ വയനാടിനും കോഴിക്കോടിനും തൃശൂരിനും ശേഷം വടകരയിലും തോറ്റ സ്ഥാനാര്‍ഥിയായി മുരളീധരന്‍ മാറും. അല്ലാതെ മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ഒരിക്കലും എല്‍.ഡി.എഫിനു ഭീഷണിയല്ല.

? എല്‍.ഡി.എഫിനെതിരേ ഉയരുന്ന പ്രധാന പ്രചാരണം അക്രമ രാഷ്ട്രീയമാണ്.

കോടിയേരി: എല്ലാ കാലത്തും സി.പി.എമ്മിനും എല്‍.ഡി.എഫിനുമെതിരേ എതിരാളികള്‍ ഉന്നയിക്കുന്ന പ്രധാന ആരോപണമാണത്. എന്നാല്‍ അക്രമരാഷ്ട്രീയത്തിന് ഇരകളായ സി.പി.എം അണികളെ ആരും കാണുന്നില്ല. കേരളത്തില്‍ ഏറ്റവും കൂടുതല്‍ അക്രമത്തിനിരയായി കൊല്ലപ്പെട്ട ആളുകളുള്ള പാര്‍ട്ടി സി.പി.എമ്മാണ്. സി.പി.എമ്മിന്റെ എഴുന്നൂറോളം പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

ആര്‍.എസ്.എസും കോണ്‍ഗ്രസുമാണ് ഇവരില്‍ ഭൂരിഭാഗം പേരെയും കൊന്നൊടുക്കിയത്. വടകരയില്‍ മത്സരിക്കുന്ന പി. ജയരാജന്‍ അക്രമരാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയല്ലേ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വെടിയുണ്ടയും പേറിയല്ലേ ജീവിക്കുന്നത് ഇതിനു കാരണക്കാരനായ ആള്‍ ഇന്ന് സ്ഥാനാര്‍ഥിയല്ലേ ഇതൊന്നും വലതുപക്ഷ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കാറില്ല. ഞങ്ങള്‍ക്കെതിരേ ഇത്തരം ആരോപണങ്ങള്‍ മുന്‍പും ഉയര്‍ന്നിട്ടുണ്ടല്ലോ. ഇനിയും ഉയരും. അതൊന്നും പുതുമയുള്ള കാര്യമല്ല. ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിക്കാവും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.